22.2.09

ഒരോര്‍മ്മക്കുറിപ്പ്


ഇന്നലെയാണ് ഞാന്‍ ഒരിക്കല്‍ക്കൂടി അതോര്‍ത്തത്..., അതും നാട്ടില്‍ നിന്നും സുഹൃത്ത് മരണവാര്‍ത്ത വിളിച്ചുപറഞ്ഞപ്പോള്‍. ഞാന്‍ നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മ മുന്പ് പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നീടെന്തോ ഒരിക്കലും , വിഷമിപ്പിക്കേണ്ടെന്ന് കരുതിയാവണം - ആ കാര്യം ഓര്‍മ്മിപ്പിച്ചതെ ഇല്ല. അല്ലെങ്കിലും മറ്റുള്ളവരുടെ വേദനയായിരുന്നു അമ്മയെ എപ്പോഴും വിഷമിപ്പിച്ചിരുന്നത്.

കഴിഞ്ഞ മാസം നാട്ടില്‍ പോയപ്പോള്‍ അമ്മ വീണ്ടും പറഞ്ഞു. പാറുഅമ്മ വയ്യാതെ കിടക്കുകയാണെന്ന്. ഒന്നു പോയി കണ്ടൂടെ നിനക്ക്.
മനപൂര്‍വമല്ല, ജോലിത്തിരക്കിനിടയില്‍ ഒന്നു നാട്ടില്‍ പോകുന്നത് തന്നെ ഒരുപാടു പ്ലാനിങ്ങോടെ ആണ്. എങ്കിലും, അതൊരു സമാധാനമാണ്. ജനിച്ചുവളര്‍ന്ന നാടിന്റെ വഴികളിലൂടെ, എല്ലാരോടും കുശലം പറഞ്ഞു പലവീടുകളിലും കയറി വിശേഷങ്ങള്‍ പങ്കിട്ടു അവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു ഒന്നോ രണ്ടോ ദിവസത്തെ അവധി തീര്ന്നതറിയില്ല. സത്യത്തില്‍ അതിന് വേണ്ടിമാത്രമായിരുന്നു നാട്ടിലേക്കുള്ള യാത്രകള്‍. ഇപ്പോഴിപ്പോള്‍, സുഹൃത്തുക്കളില്‍ പലരും നാട്ടിലില്ലാതതിനാല്‍ നാട്ടില്പോകുന്നതിന്റെ രസം കുറഞ്ഞു... അതുകൊണ്ടുകൂടിയാവനം ഓരോ പ്രാവശ്യവും നാട്ടിലേക്കുള്ള യാത്രകള്ക്കിടയിലുള്ള ഇടവേളകള്‍ കൂടിവരികയും ചെയ്യുന്നു.

കഴിഞ്ഞ മാസം പോയപ്പോള്‍ ഒരു ദിവസമാണ്‌ ആകെ നാട്ടിലുണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ അന്നും അമ്മ പറഞ്ഞിട്ടും പാറുഅമ്മയെ കാണാന്‍ പോയില്ല എന്നത് ഞാനോര്‍ത്തു. ഇപ്പോള്‍ വേദന തോന്നുന്നു. ഒന്നുകാണാമായിരുനു. എന്നെ അത്രയേറെ സ്നേഹമായിരുന്നു ആയമ്മയ്ക്ക്‌. പണ്ടു, എന്റെ ചെറുപ്പം മുതല്‍ കാണാറുള്ള അവരുടെ രൂപത്തിന് ഒന്നര വര്ഷം മുന്പ് അവസാനമായി ഞാന്‍ കണ്ടപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു. മുടി പാടേനരച്ച് , വെള്ള മുണ്ടും ചുമലിലൊരു തോര്‍ത്തുമായി ആടിയാടി പതുക്കെ നടന്നുവരുന്ന അവരുടെ രൂപവും നീട്ടിപ്പരത്തിയുള്ള താളത്തിലുള്ള സംസാരവും ഒന്നും മാറിയിരുന്നില്ല. ചെറുപ്പത്തില്‍ അമ്മമ്മ പറഞ്ഞു തന്നിരുന്ന തച്ചോളി ഒതേനന്റെയും വടക്കന്‍ പാട്ടിലെ വീര നായകന്മാരുടെയും കഥകള്‍ക്കൊപ്പം പാറുവമ്മ പാടിത്തന്ന വടക്കന്‍ പാട്ടുകളും മനസ്സിലുണ്ട്. അമ്മമ്മ ഉള്ള കാലത്തു അവര്‍ ഞങ്ങളുടെ വീട്ടിലെ നിത്യ സന്ദര്‍ശക ആയിരുന്നു. രണ്ടുപേരും ഒന്നിച്ചിരുന്നു പറയുന്ന കഥകളും പാടുന്ന നാടന്‍ പാട്ടുകളും ഇപ്പോഴും ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഞാനും അനിയനും വല്ല്യമ്മയുടെയും കുഞ്ഞമ്മാമന്റെയും മക്കളുമടങ്ങുന്ന കുട്ടിക്കൂട്ടത്തെ മുന്നിലിരുത്തി, അവരുടെ ചെറുപ്പകാലത്തെ കഷ്ട്ടപ്പടുകള്‍ വിവരിക്കുമ്പോള്‍ ഞങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്‍ എന്ന് തോന്നിപ്പോകുമായിരുന്നു. അമ്മമ്മ മരിച്ചതോടെ അവര്‍ വല്ലപ്പോഴും മാത്രമായി ഞങ്ങളുടെ വീട്ടില്‍ വരുന്നത്. ഞങ്ങളുടെ നാട്ടിലെ ഇല്ലം വക പറമ്പിലും തൊടിയിലും പണിചെയ്തും വയലിലെ പണിയുടെ കാലമായാല്‍ കൃഷിപ്പണിയില്‍ മുഴുകിയും ആരോടും പരിഭവമില്ലാതെ ജീവിച്ചുപോന്ന ആയമ്മയെ ഇനി കാണാനാവില്ല.

അവസാനമായി ഞാനവരെ കണ്ടത് ഒന്നര വര്ഷം മുന്‍പായിരുന്നു. രണ്ടു ദിവസം നാട്ടിലുണ്ടായിരുന്നിട്ടും, ഞാന്‍ വന്നിട്ടുണ്ടെന്നരിഞ്ഞാല്‍ വീട്ടിലെത്തുമായിരുന്ന അവരെ കാണാത്തതിനാല്‍ അമ്മയോട് ചോദിച്ചു. അമ്മയാണ് പറഞ്ഞതു അവര്‍ കിടപ്പിലാണെന്ന് . എന്നെ കണ്ടപ്പോള്‍ അവര്ക്കു വലിയ സന്തോഷമായി. എന്നെ മറന്നില്ലല്ലോ, എന്റെ മോനേ ഇനി കാണാന്‍ കഴ്യുംന്നു വിചാരിചില്ല. എവിട്യാണെങ്കിലും ഒന്നും മറന്നുപോകരുത്...അമ്മയെ നല്ലോണം നോക്കണം എന്ന് തുടങ്ങി കുറെ കാര്യങ്ങള്‍ അന്നവര്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നു. ഏറെ നേരം അവിടിരുന്നു, ഇറങ്ങാന്‍ നേരം ഒരമ്പത് രൂപ കയ്യില്‍ വച്ചു കൊടുത്തപ്പോള്‍ ഒന്നും മിണ്ടാതെ അവരതു വാങ്ങി. ഇനിയൊരുവട്ടം കൂടി അവരെ കാണാന്‍ കഴിയില്ല അതോരവസാന കാഴ്ചയായിരുന്നു എന്ന് അപ്പോള്‍ ഞാനോര്‍ത്തില്ല. കഴിയുമായിരുന്നിട്ടും ഞാനതിനു ശ്രമിച്ചില്ല എന്നതല്ലേ സത്യം..... എന്തോ ഒരു നഷ്ട്ടബോധം... മനസ്സില്‍ ഒരു വേദന...
 

Back to TOP  

Thank You