3.11.09

നിലവിളികള്‍

http://www.artbylt.com/Images/death-painting-1500.jpg

കണ്ണീരിന്റെ നനവുള്ള കാഴ്ചകളുടെ തീഷ്ണത
ഇപ്പോള്‍ ഹൃദയം അറിയുന്നേയില്ല...
പെയ്തൊഴിഞ്ഞ മഴമേഘങ്ങള്‍ക്കിപ്പുറം
എന്റെ ഹൃദയം നിലച്ചുപോയിരിക്കുന്നു...

നിദ്രയില്‍,
തെരുവില്‍, വിശപ്പിന്റെ നിലവിളിയൊച്ചകള്‍...
ചോരപുരണ്ട വാള്‍തലയുടെ തിളക്കം...
ഒരമ്മയുടെ, നെഞ്ചുപിളര്‍ക്കുന്ന ആര്‍ത്തനാദം..
ഇരുളില്‍ ചേലയഴിക്കപ്പെട്ട പെങ്ങളുടെ രോദനം...

ദേവതകളുടെ കാല്‍ച്ചുവട്ടിലും, മാലാഖമാരുടെ ചിറകിന്‍ ചുവട്ടിലും,
നിസ്ക്കാരമണ്ഡപത്തിലും ചിതറിക്കിടക്കുന്ന കബന്ധങ്ങള്‍ക്കു പിന്നില്‍,
ആയുധപ്പുരയുടെ വാതില്‍ക്കല്‍,
കണ്ണുകെട്ടിയ
കിരീടധാരികള്‍ ആര്‍ത്തട്ടഹസിക്കുന്നു...

ഉറങ്ങിയുണര്‍ന്നപ്പോള്‍, എനിക്കുചുറ്റിലും നിശബ്ദതമാത്രം
പാതിയില്‍ നിലച്ചുപോയ നിലവിളികള്‍ക്കൊപ്പം -
എന്റെ നാക്കും അരിഞ്ഞെടുക്കപ്പെട്ടിരിക്കുന്നു..
കൈകളില്‍ കൂടെപ്പിറപ്പിന്റെ ചോരപുരണ്ടിരിക്കുന്നു....

കണ്ണീരിന്റെ നനവുള്ള കാഴ്ചകളുടെ തീഷ്ണത
ഇപ്പോള്‍ ഹൃദയം അറിയുന്നേയില്ല...
എന്റെ ഹൃദയം നിലച്ചുപോയിരിക്കുന്നു...
എന്റെ ഹൃദയം നിലച്ചുപോയിരിക്കുന്നു...
 

Back to TOP  

Thank You